
ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളും ചെങ്ങന്നൂർ ലയൻസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഡോക്ടേഴ്സ് ഡേ ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. ആരോഗ്യരംഗത്ത് മികച്ച സേവനം കാഴ്ചവെച്ച ഇരുപത്തിയെട്ടോളം പ്രമുഖ ഡോക്ടർമാരെ ചടങ്ങിൽ ആദരിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികളും ട്രസ്റ്റ് അംഗങ്ങളും സ്റ്റാഫും ചേർന്നാണ് ഡോക്ടർമാർക്ക് ആദരവ് അർപ്പിച്ചത്.
സ്കൂൾ ക്യാമ്പസിൽ നടത്തിയ
ചടങ്ങുകൾ ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ
പ്രസാദ് പട്ടശ്ശേരിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ലില്ലി ലയൻസ് സ്പെഷ്യൽ സ്കൂൾ ചെയർമാനും മുതിർന്ന ഡോക്ടറുമായ ഡോ. പി.ജി.ആർ. പിള്ള അനുഗ്രഹപ്രഭാഷണം നടത്തി.
ചെങ്ങന്നൂർ ലയൻസ് ക്ലബ് പ്രസിഡന്റ് ഡോ. ഉമ്മൻ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൻസ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ജി. വേണുകുമാർ, ഫൗണ്ടർ ട്രസ്റ്റി ഡോ. ദിലീപ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ മോളി സേവ്യർ എന്നിവർ പ്രസംഗിച്ചു.
ലില്ലി ലയൻസ് സ്പെഷ്യൽ സ്കൂളിലെ നൂറിലധികം വിദ്യാർത്ഥികളും, ജീവനക്കാരും, ട്രസ്റ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.










